Exodus 4

മോശയ്ക്കു നൽകപ്പെട്ട അത്ഭുതചിഹ്നങ്ങൾ

1അതിന് മോശ, “അവർ എന്നെ വിശ്വസിക്കുകയോ എന്റെ വാക്കു കേൾക്കുകയോ ചെയ്യാതെ ‘യഹോവ നിനക്കു പ്രത്യക്ഷനായിട്ടില്ല’ എന്നു പറയും” എന്ന് ഉത്തരം പറഞ്ഞു.

2അപ്പോൾ യഹോവ അവനോട്, “നിന്റെ കൈയിലിരിക്കുന്നത് എന്ത്?” എന്നു ചോദിച്ചു.

“ഒരു വടി,” അവൻ ഉത്തരം പറഞ്ഞു.

3“അതു നിലത്തിടുക,” എന്ന് യഹോവ കൽപ്പിച്ചു.

മോശ അതു നിലത്തിട്ടു. അതൊരു പാമ്പായിത്തീർന്നു. അവൻ അതിന്റെ അടുത്തുനിന്ന് ഓടിമാറി.
4പിന്നെ യഹോവ അവനോട്, “നീ കൈനീട്ടി അതിനെ വാലിൽ പിടിച്ച് എടുക്കുക” എന്നു കൽപ്പിച്ചു. അപ്പോൾ മോശ കൈനീട്ടി പാമ്പിനെ പിടിച്ചു; അത് അവന്റെ കൈയിൽ വീണ്ടും വടിയായിത്തീർന്നു. 5“ഇത്, അവരുടെ പിതാക്കന്മാരുടെ ദൈവമായ യഹോവ—അബ്രാഹാമിന്റെ ദൈവവും യിസ്ഹാക്കിന്റെ ദൈവവും യാക്കോബിന്റെ ദൈവവും—നിനക്കു പ്രത്യക്ഷനായിരിക്കുന്നു എന്ന് അവർ വിശ്വസിക്കേണ്ടതിനുതന്നെ,” എന്നു ദൈവം അരുളിച്ചെയ്തു.

6ഇതിനുശേഷം യഹോവ, “നിന്റെ കൈ മാറിടത്തിൽ വെക്കുക” എന്നു കൽപ്പിച്ചു. മോശ കൈ മാറിടത്തിൽ വെച്ചു; അവൻ അതു പുറത്തെടുത്തപ്പോൾ അതു ഹിമംപോലെ വെളുത്തു കുഷ്ഠം
ത്വക്കിനെ ബാധിക്കുന്ന വിവിധ രോഗങ്ങൾക്ക് കുഷ്ഠം എന്നതിനുപയോഗിക്കുന്ന എബ്രായപദം ഉപയോഗിച്ചിരുന്നു.
ബാധിച്ചിരുന്നു.

7“നീ അതു വീണ്ടും മാറിടത്തിൽ വെക്കുക,” എന്ന് അവിടന്നു കൽപ്പിച്ചു. മോശ വീണ്ടും തന്റെ കൈ മാറിടത്തിൽ വെച്ചു. അത് അവൻ പുറത്തെടുത്തപ്പോൾ, തന്റെ മറ്റു ശരീരഭാഗങ്ങളെന്നപോലെ പൂർവസ്ഥിതിയിലായി.

8തുടർന്ന് യഹോവ അരുളിച്ചെയ്തു, “അവർ നിന്നെ വിശ്വസിക്കാതിരിക്കുകയോ ഒന്നാമത്തെ അത്ഭുതചിഹ്നം ഗൗനിക്കാതിരിക്കുകയോ ചെയ്താൽ രണ്ടാമത്തേതിൽ വിശ്വസിച്ചേക്കും. 9എന്നാൽ ഈ രണ്ട് അത്ഭുതചിഹ്നങ്ങളിലും അവർ വിശ്വസിക്കാതിരിക്കുകയോ നിന്റെ വാക്കു കേൾക്കാതിരിക്കുകയോ ചെയ്യുന്നെങ്കിൽ, നീ നൈൽനദിയിൽനിന്ന് വെള്ളം കോരി ഉണങ്ങിയ നിലത്ത് ഒഴിക്കണം. നീ നദിയിൽനിന്ന് എടുക്കുന്ന വെള്ളം നിലത്ത് രക്തമായിത്തീരും.”

10മോശ യഹോവയോട്, “കർത്താവേ, അവിടത്തെ ദാസനോട് ക്ഷമിച്ചാലും; അടിയൻ മുമ്പുതന്നെയോ, അവിടന്ന് അടിയനോടു സംസാരിച്ചതിനുശേഷമോ ഒരിക്കലും വാക്ചാതുര്യമുള്ളവനായിരുന്നിട്ടില്ല. അടിയൻ വിക്കനും തടിച്ച നാവുള്ളവനും ആകുന്നു” എന്നു പറഞ്ഞു.

11യഹോവ അവനോട്, “മനുഷ്യന്റെ വായ് മെനഞ്ഞതാര്? അവനെ ബധിരനോ മൂകനോ ആക്കുന്നതാര്? അവനു കാഴ്ച നൽകുന്നതോ അവനെ അന്ധനാക്കുന്നതോ ആര്? യഹോവയായ ഞാൻ അല്ലയോ? 12ഇപ്പോൾ പോകുക; ഞാൻ നിന്നെ സംസാരിക്കാൻ സഹായിക്കുകയും എന്തു പറയണമെന്നു നിനക്ക് ഉപദേശിച്ചുതരികയും ചെയ്യും” എന്നു പറഞ്ഞു.

13എന്നാൽ മോശ, “അയ്യോ, കർത്താവേ, ദയവുചെയ്തു മറ്റാരെയെങ്കിലും അയയ്ക്കണമേ” എന്നു പറഞ്ഞു.

14അപ്പോൾ യഹോവയുടെ കോപം മോശയ്ക്കുനേരേ ജ്വലിച്ചു; അവിടന്ന് അരുളിച്ചെയ്തു: “ലേവ്യനായ അഹരോൻ നിന്റെ സഹോദരൻ അല്ലയോ? അവനു നന്നായി സംസാരിക്കാൻ കഴിയുമെന്നു ഞാൻ അറിയുന്നു; നിന്നെ വന്നു കാണാൻ അവൻ യാത്രതിരിച്ചുകഴിഞ്ഞു; നിന്നെ കാണുമ്പോൾ അവന്റെ ഹൃദയം ആനന്ദിക്കും. 15പറയേണ്ടുന്ന വാക്കുകൾ നീ അവനു പറഞ്ഞുകൊടുക്കുക. ഞാൻ നിന്റെ വായോടും അവന്റെ വായോടുംകൂടെ ഇരിക്കുകയും എന്താണു ചെയ്യേണ്ടതെന്നു നിങ്ങൾക്ക് ഉപദേശിച്ചുതരികയും ചെയ്യും. 16അവൻ നിനക്കുപകരം ജനത്തോടു സംസാരിക്കും; അവൻ നിന്റെ വക്താവും നീ അവനു ദൈവവും എന്ന നിലയിലാകും. 17എന്നാൽ അത്ഭുതചിഹ്നങ്ങൾ പ്രവർത്തിക്കാൻ ഈ വടിയും നിന്റെ കൈയിൽ എടുത്തുകൊള്ളുക.”

മോശ ഈജിപ്റ്റിലേക്കു മടങ്ങുന്നു

18പിന്നെ മോശ തന്റെ അമ്മായിയപ്പനായ യിത്രോവിന്റെ അടുക്കൽ തിരിച്ചെത്തി അദ്ദേഹത്തോട്, “ഈജിപ്റ്റിൽ എന്റെ സ്വജനങ്ങളിൽ ആരെങ്കിലും ജീവിച്ചിരിപ്പുണ്ടോ എന്ന് അന്വേഷിക്കേണ്ടതിന് അവരുടെ അടുക്കൽ പോകാൻ എന്നെ അനുവദിക്കണം” എന്നു പറഞ്ഞു.

അതിനു യിത്രോ, “സമാധാനത്തോടെ പോകുക” എന്നു പറഞ്ഞു.

19യഹോവ മോശയോടു മിദ്യാനിൽവെച്ച്, “ഈജിപ്റ്റിലേക്കു മടങ്ങിപ്പൊയ്ക്കൊൾക; നിന്നെ വധിക്കാൻ ആഗ്രഹിച്ച പുരുഷന്മാരെല്ലാവരും മരിച്ചുപോയി” എന്ന് അരുളിച്ചെയ്തിരുന്നു. 20അങ്ങനെ മോശ തന്റെ ഭാര്യയെയും പുത്രന്മാരെയും ഒരു കഴുതപ്പുറത്തു കയറ്റി, അവരെയും കൂട്ടി തിരികെ ഈജിപ്റ്റിലേക്കു യാത്രയായി. ദൈവത്തിന്റെ വടിയും അദ്ദേഹം കൈയിൽ എടുത്തു.

21യഹോവ മോശയോട് അരുളിച്ചെയ്തു, “നീ ഈജിപ്റ്റിൽ ചെല്ലുമ്പോൾ ഞാൻ നിന്നെ ഭരമേൽപ്പിച്ചിട്ടുള്ള സകല അത്ഭുതങ്ങളും ഫറവോന്റെ മുമ്പാകെ ചെയ്യണം. എന്നാൽ ഞാൻ അവന്റെ ഹൃദയം കഠിനമാക്കുമ്പോൾ ജനങ്ങളെ പോകാൻ അവൻ അനുവദിക്കാതിരിക്കുകയും ചെയ്യും. 22അപ്പോൾ ഫറവോനോട്, ഇപ്രകാരം പറയണം, ‘യഹോവ ഇങ്ങനെ അരുളിച്ചെയ്യുന്നു: ഇസ്രായേൽ എന്റെ പുത്രൻ, എന്റെ ആദ്യജാതൻതന്നെ. 23“എന്നെ ആരാധിക്കാൻ എന്റെ പുത്രനെ വിട്ടയയ്ക്കണം” എന്നു ഞാൻ നിന്നോടു പറഞ്ഞല്ലോ. എന്നാൽ നീ അവനെ പോകാൻ അനുവദിക്കുന്നില്ലെങ്കിൽ ഞാൻ നിന്റെ പുത്രനെ, നിന്റെ ആദ്യജാതനെത്തന്നെ, കൊന്നുകളയും’ എന്നുകൂടി പറയുക.”

24വഴിമധ്യേയുള്ള ഒരു സത്രത്തിൽവെച്ച് യഹോവ മോശയെ നേരിട്ടു; അദ്ദേഹത്തെ കൊല്ലുന്നതിനു ഭാവിച്ചു. 25എന്നാൽ സിപ്പോറാ ഒരു കൽക്കത്തിയെടുത്തു തന്റെ പുത്രന്റെ അഗ്രചർമം ഛേദിച്ച് മോശയുടെ കാൽക്കൽ ഇട്ടു.
ഈ വാക്യഭാഗത്തിനുള്ള എബ്രായപദങ്ങളുടെ അർഥം വ്യക്തമല്ല.
“നിശ്ചയമായും താങ്കൾ എനിക്കൊരു രക്തമണവാളൻ” എന്ന് അവൾ പറഞ്ഞു.
26ഇങ്ങനെ യഹോവ അവനെ വിട്ടയച്ചു. പരിച്ഛേദനത്തെ
അതായത്, സുന്നത്ത്
പരാമർശിച്ചുകൊണ്ടാണ് അപ്പോൾ അവൾ “രക്തമണവാളൻ” എന്നു പറഞ്ഞത്.

27യഹോവ അഹരോനോട്, “മോശയെ കാണുന്നതിന് നീ മരുഭൂമിയിലേക്കു ചെല്ലുക” എന്നു കൽപ്പിച്ചു. അദ്ദേഹം ദൈവത്തിന്റെ പർവതത്തിൽവെച്ച് മോശയെ കണ്ട് അദ്ദേഹത്തെ ചുംബിച്ചു. 28യഹോവ തന്നെ ഏൽപ്പിച്ചയച്ച എല്ലാ കാര്യങ്ങളും മോശ അഹരോനെ അറിയിച്ചു; താൻ ചെയ്യണമെന്ന് യഹോവ ആജ്ഞാപിച്ചിരുന്ന എല്ലാ അത്ഭുതചിഹ്നങ്ങളെക്കുറിച്ചും അദ്ദേഹം സംസാരിച്ചു.

29മോശയും അഹരോനും ഇസ്രായേല്യ ഗോത്രത്തലവന്മാരെ എല്ലാവരെയും കൂട്ടിവരുത്തി. 30യഹോവ മോശയോട് അരുളിച്ചെയ്തിരുന്നതെല്ലാം അഹരോൻ അവരെ പറഞ്ഞുകേൾപ്പിച്ചു; മോശ ജനങ്ങളുടെമുമ്പാകെ ആ അത്ഭുതചിഹ്നങ്ങൾ പ്രവർത്തിക്കുകയും 31ജനങ്ങൾ വിശ്വസിക്കുകയും ചെയ്തു. യഹോവ തങ്ങളെ സന്ദർശിച്ചെന്നും അവിടന്നു തങ്ങളുടെ കഷ്ടത കണ്ടിരിക്കുന്നെന്നും ഇസ്രായേൽജനം കേട്ടപ്പോൾ അവർ കുമ്പിട്ടു നമസ്കരിച്ചു.

Copyright information for MalMCV